Site icon Fourteen Kerala – 14 Kerala News

റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി മറ്റന്നാളത്തേക്ക് മാറ്റി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്അടക്കം മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്നത് മാറ്റി. പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ  മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.  റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ മറ്റന്നാൾ വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിന് പിറകിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. സംഭവം ഉണ്ടായി മൂന്ന് മാസം കഴിഞ്ഞാണ് പരാതി നൽകാൻ തയ്യാറായതെന്നും പരാതിക്കാരിയെ അഞ്ജലി ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ്  കേസിന് പിറകിലെന്നും റോയ് വയലാട്ട് കോടതിയെ അറിയിച്ചു.

പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം ഉന്നയിച്ചു. നിർണ്ണായകമായ ചില ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ പ്രതികൾ വ്യക്തമാക്കിയിരുന്നു. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളുടെ അറസ്റ്റ്, കേസ് പരിഗണിക്കുന്നത് വരെ ഉണ്ടാകില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Exit mobile version