Site icon Fourteen Kerala – 14 Kerala News

എച്ച്ആർഡിഎസിലെ ജോലിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് പിന്നിലും ശിവശങ്കർ; നേരിടുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: സന്നദ്ധ സംഘടനയായ എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം‌ എന്നും സ്വപ്ന സുരേഷ് ആരോപിച്ചു. 

ബി ജെ പിയുമായോ ആർ എസ് എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദ​ങ്ങളെ അവ​ഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധ സംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. 

ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നവ എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസ ശമ്പളം നാൽപ്പത്തിമൂവായിരം രൂപയിലായിരുന്നു സ്വപ്നയുടെ നിയമനം. വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളിൽ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തിൽ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു. 

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ‘സദ്ഗൃഹ’ എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്  സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.

ഈ മാസം പന്ത്രണ്ടാം തീയതി ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പോകേണ്ടതിനാല്‍ ജോലിയേറ്റെടുക്കാന്‍ സമയം വേണമെന്ന സ്വപ്നയുടെ അഭ്യര്‍ഥന എച്ച്ആര്‍ഡിഎസ് അംഗീകരിച്ചു. ഇതേത്തുടർന്നാണ് 18-ാം തീയതി എത്തി ജോലിയിൽ പ്രവേശിച്ചത്. 

സ്വപ്ന സുരേഷ് എച്ച് ആർ ഡി എസിൽ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ആദിവാസികൾക്ക് വാസ യോ​ഗ്യമല്ലാത്ത വീടുകൾ നൽകി വഞ്ചിച്ചെന്ന പരാതിയിൽ എച്ച് ആർ ഡി എസിനെതിരെ പട്ടികജാതി പട്ടികവർ​ഗ കമ്മിഷൻ കേസെടുത്തു, പ്രതിവർഷം കേന്ദ്ര സർക്കാരിൻ്റെ 350 കോടിഎൻ ജി ഒ വഴിയെത്തുന്നു. സംസ്ഥാന സർക്കാരിൻ്റെ അറിവോടെയല്ല ഇതു പലതുമെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ നേരത്തെ പ്രതികരിച്ചിരുന്നു.

എൻ ജി ഒയ്ക്ക് വരുന്ന ഫണ്ട് വിനിയോഗത്തിൻ്റെ മേൽനോട്ട ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും എസ് സി എസ് ടി കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ ആവശ്യപ്പെട്ടു. എച്ച് ആർ ഡി എസ് നെതിരായ പട്ടികജാതി- പട്ടികവർ‌​ഗ കമ്മിഷന്റെ അന്വേഷണം ആരുടെയെങ്കിലും നിയമനത്തിന് പിന്നാലെയല്ല . നിയമനം അവരുടെ സ്വന്തം കാര്യം. അതിൽ കമ്മീഷൻ ഇടപെടില്ല. എന്നാൽ ആദിവാസി ചൂഷണ പരാതി വന്നാൽ കമ്മീഷൻ ഇടപെടും. അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്നും പട്ടികജാതി- പട്ടികവർ‌​ഗ കമ്മിഷൻ അം​ഗം എസ്.‌അജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

Exit mobile version