Site icon Fourteen Kerala – 14 Kerala News

കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍; കഴുത്തില്‍ മുറിവേറ്റ പാട്, കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്. 

ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോലിസ്ഥലത്ത് എത്തിയ വിവരം വിനീത അമ്മയെ വിളിച്ച് അറിയിച്ചിരുന്നന്ന് അച്ഛന്‍ പറഞ്ഞു.

Exit mobile version