Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചു; ഡോക്ടറുടെ മോശം പെരുമാറ്റം മനോവിഷമത്തിന് കാരണമായെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവും അവഗണനയും മൂലം യുവാവ് മരിച്ചതായി പരാതി. ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ബിസ്മില്ലാഖാൻ (37) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ രോഗിയെ മാനസികമായി തളർത്തുന്ന രീതിയിലുള്ള പെരുമാറ്റമുണ്ടായെന്ന് ആരോപിച്ച് സഹോദരി നജ്മ ബീഗം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അടിയന്തര തൊറാസിക് സർജറി നിർദ്ദേശിച്ചിരുന്ന ബിസ്മില്ലാഖാൻ മരിക്കാനിടയായത് ഡോക്ടറുടെ പിന്തിരിപ്പിക്കുന്ന നിലപാടും അമിത ചെലവ് ആവശ്യപ്പെട്ടതും മൂലമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ജീവൻ തിരിച്ചുകിട്ടാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് പറഞ്ഞ് ഡോക്ടർ ശസ്ത്രക്രിയയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും, ഇതിനായി 7.5 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

എന്നാൽ പിന്നീട് സൂപ്രണ്ടുമായി സംസാരിച്ചപ്പോൾ ശസ്ത്രക്രിയയ്ക്ക് 2.5 ലക്ഷം രൂപ മതിയാകുമെന്ന് വ്യക്തമായി. എങ്കിലും ഡോക്ടറുടെ മോശം പെരുമാറ്റവും നിരുത്സാഹപ്പെടുത്തലും മൂലം കടുത്ത മനോവിഷമത്തിലായ യുവാവ് മരണപ്പെടുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും, ശസ്ത്രക്രിയ വൈകിയതിന്റെ കാരണങ്ങളും മുഴുവൻ ചികിത്സാ രേഖകളും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version