Site icon Fourteen Kerala – 14 Kerala News

ശിവൻകുട്ടി ഗുണ്ടായിസവുമായി വരേണ്ട, നഗരത്തെ ഈ നിലയിലാക്കിയത് സിപിഎം ഭരണം’; ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിനെച്ചൊല്ലി മേയർ വി വി രാജേഷും മുൻ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്കേറ്റം. നഗരത്തെ ഈ നിലയിലാക്കിയത് സിപിഎം ഭരണമാണെന്നും ശിവൻകുട്ടി ഗുണ്ടായിസവുമായി വരേണ്ടെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പുലർച്ചെ തന്നെ തലസ്ഥാനത്തെത്തിയ മേയർ, രാവിലെ തമ്പാനൂരിലെ വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ മറ്റു കൗൺസിലർമാരോടൊപ്പം സന്ദർശിച്ചു. തുടർന്ന് സംസാരിക്കുമ്പോൾ, 20 ദിവസം മുമ്പ് കൗൺസിൽ യോഗം നടക്കുമ്പോൾ “ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്യുമെന്ന് അറിയില്ലായിരുന്നുവല്ലോ” എന്ന് അദ്ദേഹം പരിഹസിച്ചു.

വെള്ളം ഒഴുകിപ്പോകാത്തതിന് സാങ്കേതിക കാരണങ്ങളാണ് ഉള്ളതെന്നും മേയർ പറഞ്ഞു. “ഒറ്റ ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ എത്തി. കനാലിലേക്ക് വെള്ളം പോകേണ്ട ഗ്രിൽ ചെറിയതാണ്. ഇതൊക്കെ റോഡ് നിർമിക്കുമ്പോൾ ഓർക്കണമായിരുന്നു,” എന്നായിരുന്നു രാജേഷിന്റെ വിമർശനം. 45 വർഷം ഭരിച്ച് ഈ നഗരത്തെ ഇങ്ങനെ ആക്കിയവരാണ് യഥാർത്ഥ കുറ്റക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ട. ശിവൻകുട്ടി മേയറായിരുന്നപ്പോഴാണ് തിരുവനന്തപുരം കോർപ്പറേഷന്റെ വികസനത്തിന്റെ അടിവേരറ്റത്. ഗുണ്ടായിസത്തിലൂടെ എല്ലാം നടപ്പാക്കാനാണ് ശിവൻകുട്ടി ശ്രമിച്ചത്. ഞങ്ങളുടെ മെക്കിട്ട് കയറാൻ വരണ്ട” എന്നും വി വി രാജേഷ് പറഞ്ഞു. ശക്തമായ മഴ പെയ്യുമ്പോൾ വെള്ളമൊഴുകിപ്പോകാൻ പാകത്തിനുള്ള ഓടകളല്ല നഗരത്തിൽ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, നഗരസഭയുടെയും സർക്കാരിന്റെയും പരാജയമാണ് തലസ്ഥാനത്ത് കണ്ടതെന്ന് മുൻ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. നേരത്തെ മഴ പെയ്താൽ മുങ്ങുമായിരുന്ന തിരുവനന്തപുരത്തിന് മാറ്റം കൊണ്ടുവന്നത് ഇടത് സർക്കാരാണെന്നും ബിജെപി എന്ന മാലിന്യം അധികാരത്തിൽ വന്നതോടെ നഗരം മാലിന്യക്കൂമ്പാരമായെന്നും അദ്ദേഹം വിമർശിച്ചു.ഇതിനിടെ ചാല മാർക്കറ്റിലെ കൊത്തുവാൾ തെരുവിൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. അശാസ്ത്രീയ റോഡ് നിർമാണം മൂലം ഓടകളിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണെന്നും ഇതുമൂലം ജനങ്ങൾ കടകളിലേക്ക് വരുന്നില്ലെന്നുമാണ് വ്യാപാരികളുടെ പരാതി.

Exit mobile version