തിരുവനന്തപുരം: പാകിസ്താൻ നിർമ്മിത ഫെയ്സ് ക്രീമുകളായ ഫൈസ, ഗോറി എന്നിവ ഉപയോഗിക്കരുതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇവയിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വൃക്കരോഗത്തിന് കാരണമാകുന്ന ‘എഫ് ട്യൂൺ’ ഫെയ്സ് ക്രീമിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും സംയുക്തമായി കാസർകോടിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നിർബന്ധമായും ബില്ല് ചോദിച്ചു വാങ്ങണമെന്നും, കൃത്യമായ പർച്ചേസ് ബില്ലുകളില്ലാതെ വ്യാപാരികൾ ഇവ വിൽക്കാൻ പാടില്ലെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടുന്നതിനായി ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൃശ്ശൂരിൽ നിന്ന് 18,000 രൂപയുടെ വ്യാജ ഹെയർ ഡൈകളും മലപ്പുറം തിരൂരിൽ നിന്ന് 80,000 രൂപയുടെ വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
