തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍പിഎസ്ടി സമരം തുടരുമെന്ന് സമരസമിതി നേതാവ് എസ് വളര്‍മതി അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ അടുത്ത ബുധനാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് ഉറപ്പ് ലഭിച്ചതായി വളര്‍മതി പറഞ്ഞു.
ചര്‍ച്ച പരാജയമെന്ന് പറയാനാകില്ലെന്നും ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ഇതുവരെ ഫൈനലൈസ് ചെയ്തിട്ടില്ലെന്നാണ് വളര്‍മതിയുടെ വിശദീകരണം. മുഖ്യമന്ത്രിക്ക് പെട്ടെന്ന് ഡല്‍ഹിക്ക് പോകേണ്ടിവന്നതോടെ ചില വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനായില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ക്യാബിനറ്റുകള്‍ക്ക് മുന്‍പ് 18 അധ്യാപക ലിസ്റ്റുകള്‍ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും നിയമപരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
എല്ലാ വിഷയങ്ങളും പരിശോധിച്ച് അടുത്ത ബുധനാഴ്ചയ്ക്കകം വീണ്ടും ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചതെന്നും വളര്‍മതി പറഞ്ഞു. ലിസ്റ്റിന് ഗുണകരമാകുന്ന, നിയമനങ്ങള്‍ നടക്കുന്ന രീതിയിലുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന ഉറപ്പാണ് ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.
ചര്‍ച്ച ഫൈനലൈസ് ആകുന്നതുവരെ നിരാഹാര സമരം തുടരുമെന്നും അനുകൂല തീരുമാനം വന്നാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നും വളര്‍മതി പറഞ്ഞു. അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ റിട്ടയര്‍മെന്റ് വേക്കന്‍സി നല്‍കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്. റിട്ടയര്‍മെന്റ് വേക്കന്‍സി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് നല്‍കണമെന്നും ഡിവിഷന് ഫാള്‍ മൂലം പുറത്താക്കുന്ന അധ്യാപകരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ഇവരുടെ ആവശ്യം.
അതേസമയം, വിദ്യാര്‍ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ധനവകുപ്പ് ഈ ആവശ്യത്തെ എതിര്‍ത്തു. സമരക്കാരോട് അനുഭാവമുണ്ടെന്നും ചര്‍ച്ചകള്‍ക്ക് തടസമില്ലെന്നും വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന് പ്രതികരിച്ചു.
