തിരുവനന്തപുരം: സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദ്ദേശപ്രകാരമാണെന്ന് ആഭ്യന്തര മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായതുൾപ്പെടെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കിയ സംഭവത്തിലാണ് ആഭ്യന്തര മന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ മെറ്റയ്ക്ക് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നു. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
സർക്കാർ നിർദ്ദേശപ്രകാരം ആകെ 15,627 പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തു. ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിൽ നടപടി സ്വീകരിച്ചതായും നിയമസഭാ മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ നിയമസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്.
