Site icon Fourteen Kerala – 14 Kerala News

അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി; പി. ജയരാജനും ടി.വി. രാജേഷും പ്രതിപട്ടികയിൽ

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് നിർണ്ണായക വിധി പ്രസ്താവിക്കുക. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.

2012 ഫെബ്രുവരി 20-നാണ് എംഎസ്എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഷുക്കൂർ ഉൾപ്പെടെയുള്ളവർ കല്ലെറിഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ ആകെ 33 പേരാണ് കേസിലെ പ്രതികൾ. ഇതിൽ രണ്ട് പേർ വിചാരണയ്ക്കിടെ മരിച്ചതിനാൽ ബാക്കിയുള്ള 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണ നടപടികളിൽ ആകെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കിയിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. ഇതിനുപുറമെ 238 രേഖകളും 21 തൊണ്ടിമുതലുകളും (മെറ്റീരിയൽ ഒബ്ജക്ട്സ്) പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

Exit mobile version