Site icon Fourteen Kerala – 14 Kerala News

സ്കൂളിലെത്തിയ കുട്ടിയുടെ ഭയം ശ്രദ്ധിച്ച് അധ്യാപിക’; പുറത്തുവന്നത് ലോട്ടറിക്കടയിലെ ലൈംഗികാതിക്രമം, 73കാരന് 14 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടയ്ക്കുളിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റി ഉപദ്രവിച്ച വയോധികന് കഠിനതടവും പിഴയും വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15 ൽ ശശിധരനെ (73)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി വി.വിനോദ് 14 വർഷം കഠിനതടവും 40000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 3 മാസം അധികമായി കഠിനതടവ് അനുഭവിക്കണമെന്ന് വിധിയിൽ പറയുന്നു. 2024 ലായിരുന്നു കേസിനാസ്പദമായ സംഭവം.

രാവിലെ സ്കൂളിൽ പോവുകയായിരുന്ന പെൺകുട്ടിയെ അരുവിക്കര ജംഗ്ഷനിൽ ലോട്ടറിക്കട നടത്തുന്ന പ്രതി കടയ്ക്കുളിൽ വലിച്ചുകയറ്റി വാതിലടച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാൾ വാതിൽ തുറന്ന് കുട്ടിയെ പുറത്തിറക്കിവിട്ടു.

സ്കൂളിലെത്തി ഭയന്നുവിറച്ചിരുന്ന കുട്ടിയോട് ടീച്ചർ വിവരം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി. ആർ. പ്രമോദ് കോടതിയിൽ ഹാജരായി. 19 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 31 രേഖകളും ഏഴു തൊണ്ടിമുതലുകളും ഹാജരാക്കി. അന്നത്തെ അരുവിക്കര പൊലീസ് ഇൻസ്പെക്ടർ മുരളീകൃഷ്ണനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Exit mobile version