Site icon Fourteen Kerala – 14 Kerala News

റോഡിൽ കിടന്ന് മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തു; പിന്നാലെ പൊലീസിനു നേരെ അസഭ്യവർഷം, കൈ കടിച്ചു മുറിച്ചു

കൊച്ചി: റോഡിൽ കിടന്ന് മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.

കൊല്ലം ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത്കിഴക്കാതിർ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (25) ആണ് കേസിലെ പ്രതി. റോഡിൽ കിടന്ന് ബഹളം വച്ചതിന് എറണാകുളം നോർത്ത് പൊലീസും പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചതിന് സെൻട്രൽ പൊലീസും ഇഖ്ബാലിനെതിരെ കേസെടുത്തു.ഇയാൾ സ്റ്റേഷനിൽ കിടന്ന് ബഹളം വയ്ക്കുന്നതിന്റെയും പൊലീസുകാരെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ‘ഇതൊക്കെ പറയുന്ന എന്റെ പേര് മുഹമ്മദ് ഇഖ്ബാൽ’ എന്ന് ഇയാൾ അസഭ്യവർഷത്തിനിടെ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്.

എറണാകുളം നോർത്ത് റെയിൽവേ ഓവർപാലത്തിന് സമീപമുള്ള നടപ്പാലത്തിൽവച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഇഖ്ബാൽ ബഹളമുണ്ടാക്കിയത്. പട്രോളിങ്ങിനിടെ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.ഈ സമയത്ത് പൊലീസുകാരെ തെറിവിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ബഹളമുണ്ടാക്കി പൊതുജന സമാധാനത്തിന് ഭംഗം വരുത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു.

വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതി വീണ്ടും അക്രമാസക്തനായത്. ജനറൽ ആശുപത്രിയിൽ വച്ച് വീണ്ടും അസഭ്യവർഷം നടത്തി അക്രമാസക്തനായതോടെ പൊലീസുകാർ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഒരു പൊലീസുകാരന്റെ കൈ കടിച്ചു മുറിക്കുകയായിരുന്നു.ഈ സംഭവത്തിൽ സെൻട്രൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഇയാൾ ലഹരി ഉപയോഗിച്ചിട്ടാണോ അക്രമം നടത്തിയത് എന്നറിയാൻ രക്തമടക്കം വിശദ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് െചയ്തു.

Exit mobile version