Site icon Fourteen Kerala – 14 Kerala News

രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമാണ് സൗഹൃദം, മതേതര കേരളം ആവശ്യപ്പെടുന്നതും അതാണ്’; മമ്മുട്ടിയുടെ സന്ദർശന വിവാദത്തിൽ ബി. ഗോപാലകൃഷ്ണൻ

തൃശൂർ: മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത നടൻ മമ്മൂട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

സൗഹൃദം എന്നത് രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കും വേഷത്തിനും അപ്പുറമാണെന്നും മതേതര കേരളം ആവശ്യപ്പെടുന്നത് ഇത്തരത്തിലുള്ള നല്ല സൗഹൃദ അന്തരീക്ഷമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട സന്ദർശനത്തെ രാഷ്ട്രീയമായി വലിച്ചിഴക്കുന്നതിൽ തനിക്ക് താല്പര്യമില്ലെന്ന് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ഇതൊരു കുടുംബപരമായ ചടങ്ങും വ്യക്തിപരമായ സൗഹൃദ സന്ദർശനവുമാണ്. സ്വാർത്ഥതക്കപ്പുറത്ത് മനുഷ്യബന്ധങ്ങൾ ഉണ്ടാക്കുക എന്നതാണ് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം. താൻ അടിമുടി ബി.ജെ.പിക്കാരനാണെങ്കിലും എല്ലാവരുമായും നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തിയിരുന്നുവെന്നും, എന്നാൽ മമ്മൂട്ടിയുടെ സന്ദർശനത്തെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങൾ അല്പത്തരമാണെന്നും അദ്ദേഹം വിമർശിച്ചു.
ഒരു മഹാനടന്റെ മഹാമനസ്സിനെ കളങ്കപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ യഥാർഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അണികളല്ലെന്നും, നാട്ടിൽ ആളുകൾ ഒരുമിച്ചു പോകുന്നത് ഇഷ്ടപ്പെടാത്ത ചില പ്രത്യേക താല്പര്യക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മമ്മൂട്ടി, പിണറായി വിജയൻ, വി.ഡി. സതീശൻ തുടങ്ങിയവർ പരസ്പരം കാണിക്കുന്ന ഈ സൗഹൃദപരമായ സമീപനത്തെയാണ് മതേതര കേരളം പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പരസ്യമായി നടന്ന ഒരു സൗഹൃദ സന്ദർശനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതിന് പകരം, വ്യത്യസ്ത നിലപാടുകൾ ഉള്ളവർ തമ്മിലുള്ള നല്ല മനുഷ്യബന്ധങ്ങളെയും സൗഹൃദത്തിന്റെ രാഷ്ട്രീയത്തെയും പിന്തുണക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി എത്തിയത്. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നെങ്കിലും മമ്മൂട്ടിക്ക് എത്താൻ സാധിച്ചിരുന്നില്ല.

ഞായറാഴ്ച ചേറൂർ ഗാന്ധിനഗറിലെ വീട്ടിലെത്തിയ മമ്മൂട്ടി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചാണ് നടൻ മടങ്ങിയത്. നിർമാതാവ് ആന്‍റോ ജോസഫും നടനൊപ്പമുണ്ടായിരുന്നു. നേരത്തെ, മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നതെന്നാണ് ഗോപാലകൃഷ്ണൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

മമ്മൂട്ടിക്കൊപ്പം തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവും ഗോപാലകൃഷ്ണൻ പങ്കുവെച്ചിരുന്നു. സ്‌നേഹവും സൗഹൃദവും സ്വാഭാവികമാണെന്നും എന്നാൽ എളിമ അപൂർവമാണെന്നും ഗോപാലകൃഷ്ണൻ കുറിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടി, പട്ടേല്‍ പ്രതിമ സന്ദർശിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

Exit mobile version