കൊച്ചി: ചേരാനല്ലൂർ അപകടക്കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ പ്രോസിക്യൂഷനും മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ രൂക്ഷമായ വാഗ്വാദം. അന്വേഷണത്തിന് കുടുംബം തടസ്സം നിൽക്കുന്നുവെന്ന് പ്രോസിക്യൂഷനും, അന്വേഷണ വിവരങ്ങൾ തങ്ങൾക്ക് നൽകുന്നില്ലെന്ന് കുടുംബവും വാദിച്ചതോടെ കേസിന്റെ തുടർവാദം അടച്ചിട്ട മുറിയിലേക്ക് (ഇൻ-ക്യാമറ) മാറ്റാൻ കോടതി ഉത്തരവിട്ടു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കേസിലെ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ വാദം കേൾക്കവെയാണ് വാഗ്വാദം ഉടലെടുത്തത്. കോടതി നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായിരുന്നു. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും മുൻപിൽ കുടുംബവും അഭിഭാഷകരും തെറ്റായ വിവരങ്ങൾ നൽകി അന്വേഷണത്തിന് തടസ്സം നിൽക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
എന്നാൽ അടിസ്ഥാന രേഖകൾ പോലും നൽകാതെ പ്രോസിക്യൂഷൻ നിസ്സഹകരിക്കുകയാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം തിരിച്ചടിച്ചു. അന്വേഷണ ഏജൻസിയെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്നുള്ള വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന് പരാതിയുണ്ടെങ്കിൽ പ്രത്യേകമായി നൽകാനും നിർദേശിച്ചു.
അതിനിടെ, കേസിൽ നിർണായക നടപടിയായി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 238-ാം വകുപ്പ് ചുമത്തി. ജയബാലകൃഷ്ണന്റെ മകളുടെ പരാതിയിൽ പ്രത്യേകം കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടതെങ്കിലും നിലവിലുള്ള എഫ്.ഐ.ആറിൽ ഈ വകുപ്പ് കൂടി കൂട്ടിച്ചേർക്കുകയാണുണ്ടായത്.
