മനില: ഫിലിപ്പീൻസിലെ ഫെർണാണ്ടോ എയർബേസിൽ പരിശീലനപ്പറക്കലിനിടെ രണ്ട് സൈനിക വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു വീണു. അപകടത്തിൽ നാല് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഫിലിപ്പീൻസ് വ്യോമസേന ശനിയാഴ്ച അറിയിച്ചു.
സിംഗിൾ പ്രൊപ്പല്ലർ SF-260 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മനിലയ്ക്ക് തെക്ക്, ബതംഗാസ് തീരദേശ പ്രവിശ്യയിലെ ലിപാ സിറ്റിയിലുള്ള ഫെർണാണ്ടോ എയർ ബേസിലാണ് അപകടം ഉണ്ടായത്.നാല് പൈലറ്റുമാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. എയർബേസിനുള്ളിലാണ് വിമാനങ്ങൾ തകർന്നു വീണത്. മറ്റ് ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
‘രണ്ട് വിമാനങ്ങളും എയർ ബേസ് പരിധിക്കുള്ളിൽ തന്നെയാണ് പതിച്ചത്, മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.’ ഫിലിപ്പൈൻ വ്യോമസേനാ വക്താവ് കേണൽ ആൽവിൻ കാപിങ്ഗ്വിയാൻ പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വ്യോമസേന ഈ അപകടത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ഫിലിപ്പൈൻ ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിലും ഫിലിപ്പീൻസിൽ സമാനമായ രീതിയിൽ നിരവധി സൈനിക വിമാന അപകടങ്ങൾ നടന്നിട്ടുണ്ട്.
ഇറ്റലിയിൽ നിന്ന് വാങ്ങിയ ബാക്കിയുള്ള എല്ലാ SF-260 വിമാനങ്ങളുടെയും സർവീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് അധികാരികൾ രാജ്യത്തെ മുഴുവൻ എസ്.എഫ്-260 വിമാനങ്ങളുടെയും സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിട്ടുള്ളതെന്ന് കേണൽ ആൽവിൻ കാപിങ്ഗ്വിയാൻ അറിയിച്ചു.
