തിരുവനന്തപുരം: ലോക ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചുമതലയേൽക്കും മുമ്പേ നൽകിയ നിർദ്ദേശം കടന്ന കൈയായിപ്പോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം.
സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. ഇനിമുതൽ എന്ത് കഴിക്കണം എന്ന് ആരെങ്കിലും നിർദ്ദേശിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമാണിത് എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടർന്നുപോരാം.മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഭക്ഷണത്തിൽപ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിൽക്കുറഞ്ഞതൊന്നുമല്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. വെജിറ്റേറിയനായ ഗവർണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതിൽ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാൻ പാടില്ല.
എന്നാൽ, മലയാളികൾ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന നിർദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്റെ ഗവർണർ പിന്മാറണമെന്ന് അദേഹം ആവശ്യപ്പെട്ടു.
