Site icon Fourteen Kerala – 14 Kerala News

ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകളെത്തിക്കാനാണ് ശ്രമം’; എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റില്ലെന്ന നിലപാടിൽ ആരോഗ്യമന്ത്രി

തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്കുള്ള പുതിയ മരുന്നിനെതിരെ ആക്ഷേപം ഉയരുമ്പോഴും മരുന്ന് മാറ്റില്ലെന്ന നിലപാടില്‍ ആരോഗ്യമന്ത്രി. ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകള്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എസ്എംഎ രോഗികള്‍ക്ക് മരുന്ന് മാറ്റാനുള്ള ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തേതെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വ്യക്തമാവുകയാണ്. ജൂലൈ ഏഴിന് കെ മുരളീധരന്‍ മന്ത്രിയായ ശേഷമാണ് തീരുമാനം സംബന്ധിച്ച് ഉത്തരവിറങ്ങിയത്.

കെ മുരളീധരന്‍ ഫയല്‍ കണ്ട ശേഷമായിരുന്നു തീരുമാനം. ജൂണ്‍ ഒമ്പതിന് ആരോഗ്യ സെക്രട്ടറി ഫയല്‍ മന്ത്രിക്ക് നല്‍കിയെന്നും ജൂണ്‍ 18ന് കെ മുരളീധരന്‍ അനുകൂല തീരുമാനം എടുത്തെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരവ് നല്‍കിയത് എല്‍ഡിഎഫ് കാലത്ത് തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി.

മന്ത്രിയുടെ വാക്കുകൾ

‘ഇന്ത്യന്‍ നിര്‍മിതമായ മരുന്നാണ് കൊടുക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‌റെ കാലത്താണ് നടപടികളാരംഭിച്ചത്. മരുന്നകളെക്കുറിച്ചിതുവരെ ആക്ഷേപം വന്നിട്ടില്ല. വിലകുറഞ്ഞ ഇന്ത്യന്‍ മരുന്നുകളെക്കാള്‍ ആളുകള്‍ക്ക് വിശ്വാസം വിദേശ നിര്‍മിത മരുന്നുകളെയാണ്.ഇന്ത്യന്‍ മരുന്നുകള്‍ക്ക് ഗുണമേന്മയുണ്ടെന്ന് എക്‌സ്‌പേര്‍ട്ട് കമ്മറ്റികള്‍ പറയുന്നുണ്ട്. ഏതെങ്കിലും എക്‌സ്‌പേര്‍ട്ടുകളായ ഡോക്ടര്‍മാര്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും പരിഗണിക്കാം. മുന്‍ സർക്കാരാണ് ഇങ്ങനെയൊരു നടപടി തുടങ്ങിവച്ചത്. അതില്‍ ഞാന്‍ കുറ്റം പറയുന്നില്ല.

മരുന്നുകളുടെ ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ലക്ഷങ്ങളുടെ വ്യത്യാസമാണ് രണ്ട് മരുന്നുകളും തമ്മിലുള്ളത്. കുട്ടികളുടെ നന്മയ്ക്ക് എത്ര ലക്ഷം വേണമെങ്കിലും ചെലവാക്കാന്‍ സര്‍ക്കാര്‍ തയാറാണ്.
എന്നാല്‍ ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നാണെങ്കില്‍ കുട്ടികള്‍ക്കത് കൊടുക്കാന്‍ സാധിക്കും. പുതിയ മരുന്നുകൾക്ക് ക്വാളിറ്റി ഇല്ലെന്ന് ആരും പറഞ്ഞിട്ടില്ല. ആരെങ്കിലും പറഞ്ഞാൽ അപ്പോൾ നോക്കാം. നിലവിൽ ഇന്ത്യൻ നിർമിത മരുന്നുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.’

എന്നാല്‍ മരുന്നുകളുടെ വിലയല്ല ക്വാളിറ്റിയാണ് പ്രധാനമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. രക്ഷിതാക്കളുടെ ആശങ്ക അകറ്റണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

Exit mobile version