Site icon Fourteen Kerala – 14 Kerala News

പ്രധാന ദൃക്സാക്ഷിയായ പിതാവ് മരിച്ചത് തിരിച്ചടിയായി; സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസർകോട്: എസ്‌ഡിപിഐ പ്രവർത്തകൻ തളങ്കര നുസ്രത്ത്‌നഗർ തൗഫീഖ് മൻസിലിൽ സൈനുൽ ആബിദ്(26) കുത്തേറ്റു മരിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയും കാസർകോട് അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്.

2014 ഡിസംബർ 22നായിരുന്നു കേസിനാസ്പദമായ കൊലപാതകം. കടയിൽ കയറി പിതാവിന്റെ കൺമുന്നിൽവെച്ച് സൈനുൽ ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വർഷങ്ങൾ നീണ്ട നിയമനടപടികൾക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന ആബിദിന്റെ പിതാവ് വിചാരണ തുടങ്ങുന്നതിന് മുൻപ് മരിച്ചിരുന്നു. ദൃക്സാക്ഷി മരിച്ചാൽ കോടതി മൊഴി പരിഗണിക്കില്ല. തിരിച്ചറിയൽ പരേഡിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇതും തെളിവായി പരി​ഗണിക്കാനാകില്ല.
ഈ പഴുതാണ് കേസിൽ പ്രതികൾക്ക് അനുകൂലമായതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രൊസിക്യൂഷൻ ആരോപിക്കുന്ന കുറ്റം ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയതായി പ്രതിഭാ​ഗം വ്യക്തമാക്കി.

പ്രതികൾക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും പ്രതിഭാ​ഗം ആരോപിച്ചു. എന്നാൽ പിതാവിന്റെ മുന്നിലിട്ട് നടത്തിയ പൈശാചിക കൊലപാതകത്തിലെ വിധിയിൽ വിഷമമുണ്ടെന്ന് സൈനുൽ ആബിദിന്റെ കുടുംബം പറഞ്ഞു.

അപ്പീൽ പോകുമെന്നും കുടുംബം വ്യക്തമാക്കി.ഉപ്പ മുഹമ്മദ്‌കുഞ്ഞിക്കൊപ്പം നഗരത്തിലെ ചക്കരബസാറിലുള്ള ഫർണിച്ചർ കടയിൽ നിന്നു ജോലികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സൈനുൽ ആബിദിനു കുത്തേറ്റത്.

കടയിലേക്ക് ബൈക്കുകളിലെത്തിയ സംഘം ആബിദിനെ ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. തുടർന്നു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Exit mobile version