തിരുവനന്തപുരം: തമിഴ്നാടിനു മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ വിവിധ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.
ഇന്ന് (ഒക്ടോബർ 16) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ ഒക്ടോബർ 20 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇടിമിന്നലോടു കൂടിയ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
