തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസുകാരനായ മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച വിസ്മയയുടെ അമ്മ. മകളെ വേണ്ടെങ്കിൽ ഉപേക്ഷിച്ചുപോകാൻ വിജേഷിനോട് പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ കുഞ്ഞിനെക്കൂടി കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അമ്മ പറഞ്ഞു.അച്ഛനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ദക്ഷ്, വിജേഷ് വീട്ടിലെത്തുന്ന ദിവസത്തിനായി കാത്തിരിക്കുമായിരുന്നുവെന്നും അമ്മ കണ്ണീരോടെ ഓർമിച്ചു.
തൃശൂർ വലപ്പാട് ബീച്ചിൽ 24കാരിയായ വിസ്മയയും നാലര വയസുകാരനായ മകൻ ദക്ഷുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് വിജേഷ് (44) ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ അമ്മയും സഹോദരൻ കണ്ണനും ഒരു മുറിയിലും വിജേഷും വിസ്മയയും കുഞ്ഞും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയിരുന്നത്. തലേദിവസം രാത്രിയിൽ വീട്ടിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു.
പുലർച്ചെ മകളുടെ നിലവിളി കേട്ടാണ് കുടുംബാംഗങ്ങൾ ഉണർന്നത്. മുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നതിനാൽ സഹോദരൻ കണ്ണനോട് വാതിൽ ചവിട്ടിത്തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാതിൽ തുറന്നതോടെ ഗുരുതരമായി പരിക്കേറ്റ വിസ്മയ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയെന്നും അമ്മ പറഞ്ഞു.
‘വാതിൽ കുറ്റിയിട്ടിട്ടാണ് അവനിത് ചെയ്തത്. മോളുടെ കരച്ചിൽ കേട്ടപ്പോൾ മകൻ കണ്ണനോട് ഞാൻ പറഞ്ഞു വാതിൽ ചവിട്ടിത്തുറക്കാൻ. അങ്ങനെ അവൻ ചവിട്ടിത്തുറന്നതാ. അപ്പോൾ അവൾ കരഞ്ഞുകൊണ്ട് ഓടി. അവിടെ ആ പടിവരെ ഓടി എന്റെ മോൾ, ചോരയിൽ കുളിച്ചു’ — വിസ്മയയുടെ അമ്മ പറഞ്ഞു.വിജേഷുമായുള്ള ബന്ധത്തിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
മകളെ വേണ്ടെങ്കിൽ ബന്ധം അവസാനിപ്പിച്ച് പോകാമെന്ന് വിജേഷിനോട് പലതവണ പറഞ്ഞിരുന്നതായും വിസ്മയയുടെ അമ്മ വ്യക്തമാക്കി. കുഞ്ഞിനോടും ഇത്തരത്തിൽ പെരുമാറിയത് എന്തിനാണെന്നായിരുന്നു അമ്മയുടെ ചോദ്യം.
‘അവന് വേണ്ടെങ്കിൽ ഉപേക്ഷിച്ചോളാൻ നൂറ് തവണ പറഞ്ഞു. അത് ചെയ്തില്ല. കുഞ്ഞുപൈതലിനെ ചെയ്യേണ്ടിയിരുന്നോ?’ — അമ്മ ചോദിച്ചു.
അച്ഛനോടുള്ള ദക്ഷിന്റെ സ്നേഹത്തെക്കുറിച്ചും അമ്മ വേദനയോടെ സംസാരിച്ചു. ലോറി ഡ്രൈവറായ വിജേഷ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വിസ്മയയുടെ വീട്ടിലെത്തിയിരുന്നത്. അച്ഛൻ വരുന്ന ദിവസത്തിനായി കുഞ്ഞ് കാത്തിരിക്കുമായിരുന്നുവെന്ന് അമ്മ പറഞ്ഞു.’കിടാവിന് ജീവനായിരുന്നു അവൻ. അച്ഛൻ എന്നുവരും അമ്മമ്മാ എന്ന് ചോദിക്കും. ശനിയാഴ്ച വരുമെന്ന് പറയും. ശനിയാഴ്ച വരെ പിന്നെ അവൻ എണ്ണിയിരിക്കും’ — അമ്മ ഓർമിച്ചു.
നാട്ടിക ബീച്ച് സ്വദേശിയായ വിജേഷ് കഴിഞ്ഞ രാത്രിയും പതിവുപോലെ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെയാണ് ഇരട്ടക്കൊലപാതകം നടന്നത്.
സംഭവത്തിന് പിന്നാലെ വിസ്മയയെയും ദക്ഷിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ വിജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴികളും സംഭവസാഹചര്യങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
