തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ. പിണറായി വിജയൻ വിചാരണ നേരിടുന്നതാണ് ഏറ്റവും അഭികാമ്യമെന്നും മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേസിൽ പിണറായി വിജയന് അനുകൂലമായി സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിനെയും മാത്യു കുഴൽനാടൻ വിമർശിച്ചു.ഹൈക്കോടതിയിലെ സർക്കാർ നിലപാട് തെറ്റാണെന്ന് തെളിഞ്ഞതായി മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ് ജനറൽ എന്തുകൊണ്ടാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ പരിശോധിക്കേണ്ടത് ഹർജിക്കാരന്റെ വിശ്വാസ്യതയല്ലെന്നും നിയമപരമായ കാര്യങ്ങളാണെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന നിലപാട് എന്ത് അടിസ്ഥാനത്തിലാണ് സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ സ്വീകരിക്കേണ്ടത് നിയമപരമായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ നേരത്തെ കേസെടുത്ത നടപടിയും മാത്യു കുഴൽനാടൻ പരാമർശിച്ചു. എന്ത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പിണറായി വിജയൻ നേരത്തെ തനിക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം ചോദിച്ചു. അന്ന് തനിക്കെതിരെ സ്വീകരിച്ച നടപടികളെ ന്യായീകരിച്ചവർ ഇപ്പോൾ പിണറായി വിജയനെതിരെ കേസെടുത്തപ്പോൾ ആശങ്കപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദ്യം ചെയ്തു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പിണറായി വിജയന് വെപ്രാളമുണ്ടായതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. മകൾക്കെതിരെ അന്വേഷണം വരുമ്പോഴുള്ള പിണറായി വിജയന്റെ പ്രതികരണമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ഈ ഘട്ടത്തിൽ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
തനിക്കെതിരെ മുമ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് സിപിഐഎമ്മിനും ആത്മപരിശോധന നടത്താവുന്നതാണ്. അന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങൾ ശാന്തമായി ഓർമിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
