Site icon Fourteen Kerala – 14 Kerala News

തുലാവർഷത്തിന്റെ വരവിൽ മഴ ശക്തമാകും; കേരളത്തിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും മുന്നറിയിപ്പ്, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളും ന്യൂനമർദപ്പാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള സാഹചര്യം ഒരുക്കുന്നത്. അറബിക്കടലിൽനിന്നുള്ള തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റാണ് കേരളത്തിൽ കാലവർഷമെത്തിക്കുന്നത്. അതേസമയം, ബംഗാൾ ഉൾക്കടലിൽനിന്നുള്ള വടക്കുകിഴക്കൻ കാറ്റാണ് തുലാവർഷ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.

നിലവിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെങ്കിലും എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഡിസംബർ വരെയുള്ള തുലാവർഷകാലത്ത് പൊതുവെ മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ കാലവർഷത്തിൽ സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു.

Exit mobile version