തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർക്ക് മുമ്പുള്ളവരുടെ മരണത്തിലേക്ക് അന്വേഷണം ഉടനില്ല. ജയമാധവൻ നായരുടെ മരണത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. പ്രതി രവീന്ദ്രൻ നായരെ തെളിവ് നശിപ്പിക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർ പ്രതിയാകും. രവീന്ദ്രൻ നായർ കുടുംബത്തിന്റെ കാര്യസ്ഥൻ ആയിരുന്നില്ലെന്ന് 1993ൽ മരിച്ച ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരി ട്വന്റിഫോറിനോട് പറഞ്ഞു.
ആറു മരണങ്ങൾ തൽക്കാലം അന്വേഷിക്കേണ്ടന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. മറ്റ് ആറു മരണങ്ങളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വർഷങ്ങളുടെ പഴക്കമുള്ള കേസ് ആയതിനാൽ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തെളിവുകൾ ശേഖരിക്കാൻ ബുദ്ധിമുട്ടെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം ജയമാധവൻ നായരുടെ മരണത്തിൽ രവീന്ദ്രൻ നായരിൽ നിന്നും പണം വാങ്ങി ഓട്ടോ ഡ്രൈവർ അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. തന്റെ ഓട്ടോയിലാണ് ജയ മാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ മൊഴി. ചോദ്യം ചെയ്യലിൽ ഇയാൾ പിന്നീട് മൊഴി മാറ്റിയിരുന്നു. വിദേശത്തുള്ള സജുവിനെയും ഉടൻ നാട്ടിലെത്തിക്കാൻ നീക്കം. അതിനിടെ കോടികളുടെ സ്വത്ത് സംരക്ഷിക്കാൻ റിസീവർ ഭരണം വേണമെന്ന് പരാതിക്കാരൻ അനിൽകുമാർ ആവശ്യപ്പെട്ടു. സ്വത്തുക്കൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
തറവാട്ടിലെ കാരണവരിൽ തുടങ്ങി അവസാന കണ്ണി വരെ ഏഴുപേരാണ് 1991 മുതൽ 2017 വരെയുള്ള കാലയളവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൊഴിയിലെ ചില പൊരുത്തക്കേടുകളും രക്തക്കറകളും ബ്രെയിൻ മാപ്പിങുമെല്ലാമാണ് കേസിൽ നിർണായകമായത്. തറവാട്ടിലെ ഗോപിനാഥൻ പിള്ള, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ പിള്ളയുടെ സഹോദരന്റെ മക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയ മാധവൻ നായർ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
