Site icon Fourteen Kerala – 14 Kerala News

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ കൗമാര താരങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ അത്ലറ്റിക്‌സ് മത്സരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ആശങ്ക. ജൂനിയര്‍ നാഷണല്‍ മീറ്റും സ്‌കൂള്‍ കായികമേള അത്‌ലറ്റിക്‌സ് മത്സരങ്ങളും ഒരേ തീയതിയില്‍ വന്നതാണ് ആശങ്കയ്ക്ക് കാരണം. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ട് മത്സരങ്ങള്‍ ഒരു ദിവസം നീട്ടിവെക്കണമെന്നാണ് കൗമാര താരങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും ആവശ്യം.

41 മത് ജൂനിയര്‍ നാഷണല്‍ മീറ്റ് മത്സരങ്ങള്‍ ഈ മാസം 23 മുതല്‍ 27 വരെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. 68 മത് സംസ്ഥാന സ്‌കൂള്‍ കായികമേള 25 മുതല്‍ 31 വരെ കോഴിക്കോട് വച്ചാണ് നടക്കുന്നത്. രണ്ടിന്റെയും തീയതികള്‍ അടുത്ത് വന്നതോടെ സംസ്ഥാനത്തെ ജൂനിയര്‍ കൗമാര താരങ്ങള്‍ ആശങ്കയിലായി. ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ ഇന്നലെയും ഇന്നുമായി കുട്ടികള്‍ ചെന്നൈയിലേക്ക് തിരിച്ചു. ജൂനിയര്‍ നാഷണല്‍ മീറ്റ് മത്സരങ്ങള്‍ അവസാനിക്കുന്ന ഇരുപത്തിയേഴാം തീയതിയാണ് സ്‌കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇതോടെ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ട്രാക്ക് നഷ്ടപ്പെടും.

120ലധികം ജൂനിയര്‍ താരങ്ങള്‍ കേരളത്തില്‍നിന്ന് നാഷണല്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ തീയതി ഒരു ദിവസം നീട്ടിവെക്കണമെന്നാണ് മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യം. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും കായികതാരങ്ങള്‍ ആവശ്യപ്പെട്ടു. അസോസിയേഷനും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള ശീതയുദ്ധം കുട്ടികളുടെ അവസരം നഷ്ടപ്പെടുത്താന്‍ കാരണമാകരുത് എന്നും മാതാപിതാക്കള്‍ പറയുന്നു.

Exit mobile version