ലക്നൗ: കാമുകിയുടെ നാലാം നിലയിലെ ഫ്ലാറ്റിൽനിന്ന് വീണ് വ്യവസായി ശിവ ശർമ മരിച്ച സംഭവത്തിൽ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേ ഉൾപ്പെടെ അഞ്ച് പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് ലക്നൗ പൊലീസ് അന്വേഷണം നടത്തുന്നത്.ശിവ ശർമയുടെ മരണം ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.ശിവയുടെ കാമുകി ശ്രദ്ധ ദുബേ, ശ്രദ്ധയുടെ സഹോദരി, ഡ്രൈവർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. ഇവരെ കൂടാതെ മറ്റ് രണ്ടുപേർക്കുകൂടി മരണത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ശിവയെ ക്രൂരമായി മർദിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. നാലാം നിലയിലെ ഫ്ലാറ്റിൽനിന്ന് താഴേക്ക് തള്ളിയിടുന്നതിന് മുമ്പ് മകനെ തടവിലാക്കി ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ പരാതിയിൽ പറയുന്നു.
മകന്റെ കണ്ണിനും താടിയെല്ലിനും പരിക്കുകളുണ്ടായിരുന്നുവെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയെന്നും അമ്മ ആരോപിച്ചു. സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതിന് സമാനമായ അടയാളങ്ങളും ശരീരത്തിലുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.ശിവയുടെ മുഖത്ത് ലിപ്സ്റ്റിക്കിന്റെ അടയാളങ്ങളും ശരീരത്തിൽ മേക്കപ്പും ഉണ്ടായിരുന്നുവെന്നും അമ്മ വ്യക്തമാക്കി. മരിക്കുമ്പോൾ മകൻ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടി.
കുടുംബം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഒളിവിലുള്ള ശ്രദ്ധ ദുബേയെയും മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
