Site icon Fourteen Kerala – 14 Kerala News

വീണാ ജോർജിനെതിരെയുള്ള വധശ്രമ കേസ് വ്യാജമോ? ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവുമായി എസ്‌ഐടി, വീണാ ജോർജിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്‍.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദ്ദേശം നൽകിയത് ആരാണെന്ന് പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനം. കെ.എസ്‍.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

സംഭവദിവസം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുഴുവൻ പൊലീസുദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. അന്നേ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായ വ്യക്തത വരുത്താനാണ് ഈ നടപടി. മുമ്പ് ഒപ്പമുണ്ടായിരുന്ന ചുരുക്കം ചിലരുടെ മൊഴി മാത്രമാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കേസിൽ ഇതുവരെ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ പത്തനംതിട്ടയിലെത്തി അവരുടെ മൊഴിയും രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്‍.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. എന്നാൽ മാരകായുധങ്ങളുമായെത്തിയ കെ.എസ്‍.യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്‍.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുകയും, ഇവർ രണ്ടാഴ്ചയോളം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെ.എസ്‍.യു പ്രവർത്തകരുടെ പരാതി പരിശോധിച്ച് സംഭവത്തിൽ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

Exit mobile version