തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ, ഇന്നും വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ തുടരുകയാണ്.
ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
വരും മണിക്കൂറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതോടൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് യാതൊരുവിധ വിലക്കേർപ്പെടുത്തിയിട്ടില്ല.
അതേസമയം, മഴയുടെ ശക്തി നാളെയോടെ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. നാളെ നാല് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു.
