തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർ്ദേശമുള്ളത്.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും, മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും. കൂടാതെ ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്തും ഇന്ന് രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
