തിരുവനന്തപുരം: മുപ്പത് കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലി ടിക്കറ്റ് കൈമാറി പണം കൈപ്പറ്റിയെങ്കിലും, തന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായിട്ടില്ല. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ സുരക്ഷയും സ്വകാര്യതയും മുൻനിർത്തി ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്.
വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ ലോട്ടറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്. വലിയ തുക സമ്മാനം ലഭിക്കുന്നവരെ തേടി വിവിധ ആവശ്യങ്ങളുമായി ആളുകൾ എത്തുന്നത് മുൻകാലങ്ങളിൽ ബമ്പർ അടിച്ചവർ അനുഭവിച്ചിട്ടുള്ളതാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് വിജയി പരസ്യമാകാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദായനികുതിയും സെസും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് ഏകദേശം 16.47 കോടി രൂപയാണ് സമ്മാനാർഹന്റെ അക്കൗണ്ടിൽ എത്തുക.
മൊത്തം തുകയുടെ 10 ശതമാനം ഏജന്റിനുള്ള കമ്മിഷനായി ലഭിക്കും. ബാക്കി തുകയിൽ നിന്ന് 30 ശതമാനം ആദായനികുതി, 25 ശതമാനം സർചാർജ്, 4 ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസ് എന്നിവയാണ് ഈടാക്കുന്നത്.
