തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഉൾപ്പെടെയുള്ള കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി റവന്യൂ വകുപ്പ് ഇന്ന് അളന്നു തിട്ടപ്പെടുത്തും. സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. എന്നാൽ സർവകലാശാലയുടെ ഭൂമി മാത്രമാണ് അളക്കേണ്ടതെന്നും അതിൽ എകെജി സെന്ററിന്റെ ഭൂമി ഉൾപ്പെടില്ലെന്നുമാണ് സിപിഎമ്മിന്റെ വാദം.
കേരള സർവകലാശാലയുടെ ഭൂമി എകെജി സെന്റർ നിർമ്മിക്കാൻ കയ്യേറി എന്ന പരാതിക്കും അത് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠനഗവേഷണ കേന്ദ്രത്തിനായി പാളയത്ത് ഭൂമി അനുവദിച്ചത്. എന്നാൽ അവിടെ ഗവേഷണ കേന്ദ്രം തുടങ്ങാതെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുകയായിരുന്നു.
ഈ ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ശശികുമാർ കോടതിയിലും വൈസ് ചാൻസലർക്കും പരാതി നൽകിയിരുന്നു. കോടതി അനുമതിയോടെ ഇന്ന് രാവിലെ 10 മണിക്ക് റവന്യൂ വകുപ്പ് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും സിപിഎം ഇതിനെ എതിർക്കുകയാണ്. ഈ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ റവന്യൂ വകുപ്പിന്റെ പക്കലില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നേരത്തെ, വഞ്ചിയൂർ വില്ലേജ് ഓഫീസർ നൽകിയ വിവരാവകാശ രേഖയിൽ പഴയ എകെജി സെന്റർ ഇരിക്കുന്ന സ്ഥലം ‘പുറമ്പോക്ക്’ ഭൂമിയാണെന്ന് കാണിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വരും മണിക്കൂറുകളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാധ്യതയുണ്ട്.
