കുവൈത്ത്: കുവൈത്തിലെ മലയാളി എഞ്ചിനീയര്‍മാരുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയായ കുവൈത്ത് എഞ്ചിനീയേഴ്‌സ് ഫോറം (KEF) സംഘടിപ്പിച്ച ‘വിസ്മയം 26’ ശ്രദ്ധേയമായി. സെപ്റ്റംബര്‍ 25ന് അഹമ്മദിയിലെ FAIPS-DPS ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏകദേശം 1,200 എഞ്ചിനീയര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കുവൈത്തിലെ നിലവിലെ പ്രാദേശിക സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് പരിപാടികള്‍ക്ക് തുടക്കമായത്. കുവൈത്തിനോടും കുവൈത്ത് ജനതയോടുമുള്ള ഐക്യദാര്‍ഢ്യവും ഇതിലൂടെ രേഖപ്പെടുത്തി.
KEF-ന്റെ എട്ട് ഘടക എഞ്ചിനീയറിംഗ് കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ പ്രസിഡന്റുമാരും ചെയര്‍പേഴ്‌സണ്‍മാരും അവരുടെ ജീവിതപങ്കാളികളും ചേര്‍ന്ന് എട്ട് നിലവിളക്കുകള്‍ തെളിയിച്ചു.KEF എക്‌സ്-ഓഫീഷ്യോ ഹനാന്‍ ഷാന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഗംഗാ പ്രസാദ് ടി. ചടങ്ങിനെ അഭിസംബോധന ചെയ്ത് ‘വിസ്മയം 26’ന്റെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിച്ചു. സംഘാടകര്‍, സ്‌പോണ്‍സര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
പരിപാടിയുടെ ഭാഗമായി KEF ഡയറക്ടറി 2026 പ്രകാശനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ജനറല്‍ കണ്‍വീനര്‍ ഗംഗാ പ്രസാദ് ടി. ഡയറക്ടറി പുറത്തിറക്കി. കുവൈത്തിലെ എഞ്ചിനീയറിംഗ് സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും പരസ്പര ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായാണ് ഡയറക്ടറി അവതരിപ്പിച്ചത്.കുട്ടികളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, നേതൃത്വ, സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച KEF ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെ ഔദ്യോഗിക പരിചയപ്പെടുത്തലും ചടങ്ങില്‍ നടന്നു.ക്ലബ് പ്രസിഡന്റ് ജോ ജോഷ്വാ ലിജോ ക്ലബ്ബിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സദസിന് പരിചയപ്പെടുത്തി.
