Site icon Fourteen Kerala – 14 Kerala News

ആവേശത്തിൽ മുന്നണികൾ, ഫലങ്ങളിൽ മാറിമറിഞ്ഞ് സീറ്റുകൾ; സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പിൽ ആകെ 58.81 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.

ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാർഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ കണ്ണൂർ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇവിടെ എൽഡിഎഫിലെ കെ.വി. രതീശൻ 65 വോട്ടിനാണ് വിജയിച്ചത്. മലപ്പുറം കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ വാർഡും കാസർകോട് പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പിലിക്കോട് വാർഡും കണ്ണൂർ മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ ഉരുവച്ചാൽ ഡിവിഷനും എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥികളായ അഭിലാഷ് 341 വോട്ടിനും, ടി. ഓമന 297 വോട്ടിനും, എ.കെ. സുരേഷ്‌കുമാർ 276 വോട്ടിനും വിജയിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഇടുക്കി മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാർഡും പത്തനംതിട്ട കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാർഡും എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. തുടങ്ങനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽസമ്മ ടോം എടേട്ട് 188 വോട്ടിനും, വള്ളോക്കുന്നിൽ യുഡിഎഫിലെ രാധാമണിയമ്മ രണ്ട് വോട്ടിനും വിജയിച്ചതായി റിപ്പോർട്ടുണ്ട്.

പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി വാർഡ്, കോട്ടയം മീനടം ഗ്രാമപഞ്ചായത്തിലെ ചീരംകുളം വാർഡ്, ചാലക്കുടി മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ ഓഫീസ് ഡിവിഷൻ എന്നിവ യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥികളായ അനില 112 വോട്ടിനും, പ്രീത പ്രസാദ് 162 വോട്ടുകൾക്കും, വി.ഒ. പൈലപ്പൻ 345 വോട്ടുകൾക്കും വിജയിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ യുഡിഎഫ് 160 വോട്ടിനും, പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് പടി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി അഞ്ച് വോട്ടിന്റെ ലീഡിലും മുന്നേറുന്നതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.

Exit mobile version