കാസർകോട്: കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഗൃഹനാഥനെയും ഭാര്യയെയും വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലോം കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തിലേക്ക് പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകൻ മെൽവിൻ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ കുളത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹങ്ങൾ കുളത്തിൽനിന്ന് പുറത്തെടുത്തു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
