തിരുവനന്തപുരം: തമിഴ്നാട്ടിൽ കന്നി അങ്കത്തിൽ തന്നെ അധികാരം പിടിച്ചെടുത്ത് ചരിത്രം കുറിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) രാഷ്ട്രീയ തരംഗം ഇനി കേരളത്തിലേക്ക്. വിജയ് എന്ന ഒറ്റപ്പേരിൽ തമിഴകം മാത്രമല്ല, മലയാള മനസ്സുകളും ഏറ്റെടുത്ത പ്രതിഭാസം, ഇന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനമായി വളരുമ്പോൾ അതിന്റെ കരുത്ത് കേരളത്തിലും പരീക്ഷിക്കുകയാണ്.
ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുക എന്ന ലളിതവും എന്നാൽ കരുത്തുറ്റതുമായ ആശയവുമായാണ് ടിവികെ കേരള ഘടകം പ്രവർത്തനം ശക്തമാക്കുന്നത്.സിനിമയ്ക്ക് അപ്പുറം സാമൂഹിക നീതിയും മാറ്റവും ലക്ഷ്യമിടുന്ന ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് വർഷങ്ങളായി വിജയ്‌ക്കൊപ്പം നിന്ന വിജയ് ഫാൻസ് അസോസിയേഷൻ നേതാക്കളും, മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ടിവികെയുടെ ആശയത്തിൽ ആകൃഷ്ടരായി എത്തിയവരുമാണ്.
ആ ആവേശത്തിന്റെ ഭാഗമായാണ് കേരളത്തിലുടനീളം അംഗത്വ ക്യാമ്പയിന് തുടക്കമാകുന്നത്. ടിവികെയുടെ ദേശീയ വക്താവ് പുകഴേന്തി, മുതിർന്ന നേതാക്കളും ടിവികെ ജനറൽ സെക്രട്ടറിമാരുമായ പുഷ്യാനന്തൻ, ആദവ് അർജു, കെ എ ചെങ്കോട്ടയൻ തമിഴ്നാട് നിയമ സഭാ സ്പീക്കർ ജെസിഡി പ്രഭാകർ എന്നിവരുടെ മേൽനോട്ടത്തിലാണ് കേരള ഘടകം അംഗത്വ ക്യാമ്പയിൻ ആരംഭിക്കുന്നത്.
കേരള ഘടകം നേതാക്കളായ ഡോ ബിജു രേമേശ്, കൊല്ലം അനന്തു, തോന്നയ്ക്കൽ സതീഷ്, ഡോ സുലൈമാൻ ബഷീർ, വിഴിഞ്ഞം എം എ വാഹിദ്, ബീമാപളളി ഇർഷാദ്, ഹാജ, ഷെമീർ, സുലൈമാൻ, അഡ്വ പ്രവീൺ ബാബു, വയനാട് സാബു, ഇടുക്കി ജയൻ, എറണാകുളം ഹാഷിഫ്, നടൻ ദേവൻ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
