Site icon Fourteen Kerala – 14 Kerala News

കനത്ത ചൂടിന് ആശ്വാസം; നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കനത്ത ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി നാളെ മുതൽ മൂന്ന് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുമെന്നും അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ട് നിലവിലുണ്ട്. ഞായറാഴ്ച നിലവിൽ മഴ മുന്നറിയിപ്പുകളില്ല. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

സമുദ്രപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 09: സോമാലിയ തീരം, ഒമാൻ തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ പശ്ചിമ ബംഗാൾ, ഒഡിഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും ആൻഡമാൻ കടലിലും 40 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിക്കുന്നു.

സെപ്റ്റംബർ 10 മുതൽ 13 വരെ: സോമാലിയ തീരം, അറബിക്കടൽ പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 65 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മേൽപ്പറഞ്ഞ തീയതികളിൽ നിർദിഷ്ട പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Exit mobile version