തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു. വരുന്ന വ്യാഴാഴ്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ളത്. തുടർന്ന് വെള്ളിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് വെള്ളിയാഴ്ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
ഈ ദിവസങ്ങളിൽ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
