നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ പിതാവിനായി മക്കൾ കല്ലറ നിർമിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടർന്നാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്.
ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായെന്ന് അവകാശപ്പെട്ടതിലും കല്ലറ നിർമിച്ചതിലും ഉൾപ്പെടെ ആദ്യഘട്ടത്തിൽ വലിയ തോതിൽ സംശയങ്ങൾ ഉയർന്നിരുന്നു. ഈ കല്ലറ വിവാദം കേരളമാകെ ‘സമാധി’യെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിരുന്നു.
ഒന്നര വർഷങ്ങൾക്ക് മുമ്പാണ് നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമി മരണപ്പെടുന്നത്. സമാധി വിഷയം വലിയ രീതിയിൽ ചർച്ചയായതിനെ തുടർന്ന് ഹൈക്കോടതി വരെ ഈ വിഷയത്തിൽ ഇടപെടുന്ന സാഹചര്യമുണ്ടായി. തുടർന്ന് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.
നിലവിൽ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം ഒരു ആരാധനാലയമായി മാറി കഴിഞ്ഞു. അവിടെ പൂജകളും നടക്കുന്നുണ്ട്. ഭാവിയിൽ ഇവിടെ വലിയൊരു ക്ഷേത്രം നിർമ്മിച്ച് ഇതൊരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനാണ് കുടുംബത്തിന്റെ തീരുമാനം.
മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അതിലൊന്നും അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പൊലീസിന്റെ വിശദമായ അന്വേഷണത്തിലും ഇത് ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഔദ്യോഗികമായി ക്ലോസ് ചെയ്യുന്നത്.
