Site icon Fourteen Kerala – 14 Kerala News

40 വർഷം കഴിഞ്ഞ കേസിൽ എന്താണ് പൂഴ്ത്താനാണുള്ളത്?, സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്നത് അഭ്യൂഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും, ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കി.

സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയെന്ന ക്രൈംബ്രാഞ്ച് മുൻ എ.എസ്.ഐ അലി അക്ബറിന്റെ ആരോപണം അദ്ദേഹം തള്ളി. ഇതിൽ എന്ത് പൂഴ്ത്താനാണുള്ളതെന്നും, വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന വാർത്തകൾ ഞാനും വായിച്ചു.

ഇത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസാണ്. എഡിജിപി വെങ്കിടേഷിനോട് ഇതിനെപ്പറ്റി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള പൊലീസ് ഇന്റർപോളുമായും മറ്റും ബന്ധപ്പെട്ട് ഇതിന്റെ നിജസ്ഥിതി അറിയണം. ഇപ്പോൾ അഭ്യൂഹങ്ങൾ മാത്രമാണുള്ളത്. സ്ഥിരീകരിച്ച വിവരങ്ങളല്ല. പ്രമുഖരായ ചില മാധ്യമപ്രവർത്തകരും എന്നോടിത് സൂചിപ്പിച്ചിരുന്നു.

വാർത്ത വന്നയുടനെ തന്നെ ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്; വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അറിയിക്കാം’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ അലി അക്ബറിന്റെ റിപ്പോർട്ട് പൂഴ്ത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ഇത് വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെ സംഭവമാണ്, ഏകദേശം 40 വർഷത്തോളമായി.
ഇതിലെന്ത് പൂഴ്ത്താനാണുള്ളത്? ഏതായാലും അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തുവരട്ടെ’ എന്നായിരുന്നു മറുപടി. വാർത്ത പുറത്തുവന്നതോടുകൂടി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version