Site icon Fourteen Kerala – 14 Kerala News

ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’, വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ അകലം പാലിക്കാന്‍ സിപിഐ

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് എം.ഡിയുമായ വീണാ വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീക്കത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.ഐ. യോഗം തീരുമാനിച്ചു.

വിഷയത്തിൽ അകലം പാലിക്കാനാണ് നേതൃയോഗത്തിന്റെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് കൗൺസിൽ എടുത്തത്. നേതാക്കൾ ഇക്കാര്യത്തിൽ ന്യായീകരിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് കൗൺസിൽ യോഗവും തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുൻപ് നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയവും ബിസിനസ്സും വേറെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിലൊന്നും സി.പി.ഐ കക്ഷിയല്ലെന്നും ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയം വേറെയാണെന്നും ബിസിനസ് വേറെയാണെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അതേസമയം, ഇ.ഡി. റെയ്ഡിനെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സി.പി.എം. ഇതിന്റെ ഭാഗമായി ഈ മാസം 23-ന് കോഴിക്കോട് മുതലക്കുളത്ത് രാഷ്ട്രീയ വിശദീകരണയോഗം നടക്കും.

യോഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. വിഷയം ചർച്ച ചെയ്യാൻ ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാണ് രാഷ്ട്രീയമായി നേരിടാനും അണികൾക്ക് വിശദീകരണം നൽകാനുമുള്ള തീരുമാനം ഉണ്ടായത്.

Exit mobile version