നവാഡ: ബിഹാറിലെ നവാഡയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ മരിച്ച നിലയിലും കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിദ ഖാതൂൻ (32) എന്ന യുവതിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മക്കളായ സരിയ ഖാതൂൻ (4), സിദ്ര ഖാതൂൻ (2) എന്നിവരുടെ മൃതദേഹങ്ങളാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കണ്ടെത്തിയ രീതിയിൽ സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
നിദയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ കട്ടിലിൽ തട്ടിനിൽക്കുന്ന നിലയിലായിരുന്നു. അതിനാൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന സംശയം ശക്തമാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് കുട്ടികളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.
വീടിന്റെ മുകളിലത്തെ നിലയിലെ മുറി ഏറെ നേരം പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയിലും നിദയെ തൂങ്ങിമരിച്ച നിലയിലും കണ്ടത്. നിദയുടെ ഭർത്താവ് മുഹമ്മദ് ഷാഹിദ് കഴിഞ്ഞ ഒരു വർഷമായി സൗദി അറേബ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്.
ഭർത്താവിന്റെമാതാപിതാക്കൾക്കൊപ്പമാണ്നിദയുംമക്കളുംതാമസിച്ചിരുന്നത്.വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണത്തിൽ കൊലപാതക സാധ്യതയടക്കം സമഗ്രമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
