തിരുവനന്തപുരം: കേരളത്തിൽ ഈ വർഷത്തെ കാലവർഷ മഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിക്കേണ്ടിയിരുന്നത് 1556.2 മില്ലിമീറ്റർ മഴയായിരുന്നെങ്കിലും യഥാർത്ഥത്തിൽ ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴ മാത്രമാണ്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മഴയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട്ടിലും ഇടുക്കിയുമാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകൾ. വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. കൂടാതെ കൊല്ലത്ത് 27 ശതമാനവും, പത്തനംതിട്ടയിൽ 2 ശതമാനം അധികമഴ ലഭിച്ചപ്പോൾ എറണാകുളത്ത് 22 ശതമാനവും, പാലക്കാട്ട് 24 ശതമാനവും, തൃശൂരിൽ 25 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി.
അതേസമയം, തിരുവനന്തപുരത്ത് രണ്ട് ശതമാനം അധികമഴ ലഭിച്ചു. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും മഴയിൽ കാര്യമായ കുറവുകൾ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.
അതിനിടയിൽ, സംസ്ഥാനത്ത് മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
