തൃശ്ശൂർ : സർപ്പദോഷമുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു.
പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പടിഞ്ഞാറേ വെമ്പല്ലൂരിൽ താമസിക്കുന്ന പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് പിടിയിലായത്.കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലത (70) ആണ് തട്ടിപ്പിനിരയായത്. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം നടന്നത്.
പുൽത്തൈലം വിൽക്കാനെന്ന വ്യാജേനയാണ് പ്രതികൾ സ്വർണലതയുടെ വീട്ടിലെത്തിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് ഇവർ ഭയപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്.
സർപ്പകോപം തീർക്കാനായി സ്വർണംകൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർപ്പിക്കണം എന്ന് പ്രതികൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച പരാതിക്കാരി കൈയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്ത മരുമകളുടെ മാലയുമടക്കം ആറരപ്പവനോളം സ്വർണവും 6,500 രൂപയും വഴിപാടിനായി പ്രതികൾക്ക് കൈമാറി.
ആകെ 6,75,000 രൂപയുടെ നഷ്ടം ഇവർക്കുണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ വീട്ടിൽനിന്ന് പോയതിനുശേഷമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഇവർക്ക് മനസ്സിലായത്.
തുടർന്ന് അന്തിക്കാടുപോലീസിൽ പരാതി നൽകി.നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച 48 ഗ്രാം സ്വർണം ഇവർ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റതായി കണ്ടെത്തി. പോലീസ് ഇത് വീണ്ടെടുത്തു.സുജാതയെയും റോജയെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.കേസിലെ അന്വേഷണം അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ കേഴ്സൺ. വി. മാർക്കോസ് ന്റെ നേതൃത്വത്തിലായിരുന്നു. എസ്.ഐ.മാരായ ഹാസിഷ്, റിജി, ഋഷിപ്രസാദ്, സി.പി.ഒ.മാരായ രേഷ്മ, കിരൺ, ശ്രീജിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർധക്യത്തിന്റെ ഏകാന്തതയും അന്ധവിശ്വാസവും മുതലെടുത്തുള്ള ഇത്തരം തട്ടിപ്പുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. അപരിചിതർ വീട്ടിലെത്തി പൂജാ വഴിപാടുകൾക്ക് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഉടൻ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
