Site icon Fourteen Kerala – 14 Kerala News

ഞങ്ങളെ മക്കളെ പോലെ വളർത്തിയതാ ..’; തീറ്റയില്ലാതെ 20 ദിവസം, കൊച്ചിൻ പോർട്ടിന്റെ പൂട്ടിയിട്ട ക്വാർട്ടേഴ്‌സിൽ കിളികളും മീനുകളും ചത്തൊടുങ്ങി

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് അധികൃതരുടെ സാങ്കേതികത്വം പറച്ചിലിനും നിസ്സംഗതയ്ക്കും ഒടുവിൽ ഇരയായത് ഒരു കൂട്ടം മിണ്ടാപ്രാണികൾ. തുറമുഖത്തിന്റെ പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ 20 ദിവസത്തോളം കഴിഞ്ഞ കിളികളും മീനുകളുമാണ് ചത്തു ചീഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ 17 മുതൽ അധികൃതർ ക്വാർട്ടേഴ്സ് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഒടുവിൽ മാധ്യമ വാർത്തകൾക്ക് പിന്നാലെ അധികൃതരെത്തി പൂട്ട് തുറന്നപ്പോഴേക്കും കൂട്ടിലുണ്ടായിരുന്ന കിളികളിൽ രണ്ടെണ്ണം മാത്രമാണ് ജീവനോടെ അവശേഷിച്ചിരുന്നത്. ബാക്കിയെല്ലാം ചത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു. അക്വേറിയത്തിലുണ്ടായിരുന്ന മീനുകളും ചത്തുപോയി.

ക്രെയിന്‍ ഓപ്പറേറ്ററായ തിരുവല്ല സ്വദേശി ബിജിയും ഫാമിലിയും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. അയല്‍വാസികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് അധികൃതര്‍ ക്വാര്‍ട്ടേഴ്‌സ് പൂട്ടിയത്. ബിജി വളര്‍ത്തിയിരുന്ന പൂച്ച മുകളിലത്തെ ക്വാര്‍ട്ടേഴ്‌സില്‍ മലവിസര്‍ജ്യം നടത്തിയെന്നായിരുന്നു അയൽവാസികളുടെ പരാതി. ഇതിനെ തുടർന്ന് ക്വാര്‍ട്ടേഴ്‌സ് മാറാന്‍ ബിജിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ മറ്റ് താമസസ്ഥലങ്ങൾ ലഭിക്കാത്തതിനാൽ ഇവർ ഇവിടെ തുടരുകയായിരുന്നു. ഇതിനിടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബിജിയും കുടുംബവും നാട്ടിലേക്ക് പോയ സമയത്താണ്, ജൂലൈ 17ന് താമസക്കാര്‍ പൂട്ടിപ്പോയ ലോക്കിന് മുകളിലായി അധികൃതർ മറ്റൊരു പൂട്ട് കൂടി ഇട്ടത്.

ക്വാര്‍ട്ടേഴ്‌സിന്റെ ജനലഴികളില്‍ കൂടി ഉള്ളിലുള്ള പക്ഷികളെയും മീനുകളെയും പുറത്തുനിന്ന് വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. രണ്ടു വർഷമായി തങ്ങൾ ജീവനുതുല്യം വളർത്തുന്ന പക്ഷികളാണെന്നും, അവ ഉള്ളിലുള്ള വിവരം ഇമെയിൽ വഴി ഉൾപ്പെടെ അറിയിച്ചിട്ടും അധികൃതർ കനിഞ്ഞില്ലെന്നും ബിജിയുടെ ഭാര്യ പറഞ്ഞു. ബിജി വിവരമറിയിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ സംഘടനയായ എസ്പിസിഎ പ്രശ്നത്തിൽ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ആറോളം പക്ഷികളും ഒട്ടേറെ മീനുകളും ഉള്ളിലുണ്ടെന്നും അവയെ തങ്ങൾ കൊണ്ടുപൊയ്ക്കോളാമെന്ന് പറഞ്ഞിട്ടും തുറമുഖ അധികൃതർ സാങ്കേതികത്വം പറഞ്ഞ് പൂട്ട് തുറക്കാൻ തയ്യാറായില്ലെന്ന് എസ്പിസിഎ ആരോപിക്കുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മിണ്ടാപ്രാണികളെ പട്ടിണിക്കിട്ടു കൊന്ന അധികൃതര്‍ക്ക് എതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാണ് എസ്പിസിഎയുടെ ആവശ്യം.

Exit mobile version