തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനും അതുവഴി രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിലും, കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയുള്ള തീരങ്ങളിലും, ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള ഭാഗങ്ങളിലുമാണ് കടലാക്രമണ ഭീഷണി നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
