തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ നേരിട്ട് വീട്ടിലെത്തിക്കുന്ന രീതി നിർത്തലാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പെൻഷൻ തുക എത്തിച്ചിരുന്ന ജനകീയ പെൻഷൻ വിതരണ പദ്ധതിയാണ് പുതിയ ഉത്തരവിലൂടെ സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാക്കാനാണ് സർക്കാരിന്റെ പുതിയ ഉത്തരവ് നിർദേശിക്കുന്നത്.
സഹകരണ സംഘങ്ങൾ വഴി നടത്തിവന്നിരുന്ന വീട്ടുപടിക്കലെ പെൻഷൻ വിതരണം അവസാനിപ്പിക്കാനുള്ള ഈ തീരുമാനം, ഭാവിയിൽ പെൻഷൻ പദ്ധതി തന്നെ പൂർണ്ണമായി നിർത്തലാക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
