Site icon Fourteen Kerala – 14 Kerala News

കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ; ‘നീർച്ചാലുകൾ പരിശോധിക്കും’; വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് കെ. രാജൻ എംഎൽഎ

തൃശൂർ: കുതിരാൻ തുരങ്കത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സമഗ്ര പരിശോധന നടത്തുമെന്ന് കെ. രാജൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായുള്ള ഭാഗത്താണ് ചെറിയ തോതിൽ മണ്ണിടിച്ചിൽ രേഖപ്പെടുത്തിയത്.

കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രദേശത്ത് സമാനമായ രീതിയിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ദേശീയപാതയായതിനാൽ ഈ സംഭവം യാത്രക്കാർക്കിടയിലും പ്രദേശവാസികൾക്കിടയിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.സംഭവം അറിഞ്ഞയുടൻ കെ. രാജൻ എംഎൽഎയും തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രനും നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാഷണൽ ഹൈവേ അതോറിറ്റിയുടെയും മറ്റ് വിദഗ്ധരുടെയും നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക.

തുരങ്കത്തിന് മുകളിലെ സ്വാഭാവിക നീർച്ചാലുകൾക്ക് എന്തെങ്കിലും തടസ്സങ്ങൾ നേരിട്ടിട്ടുണ്ടോയെന്നും, ഭാവിയിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടോയെന്നും വിദഗ്ധ സമിതി പരിശോധിക്കും. നിലവിൽ റോഡിലേക്ക് മണ്ണ് വീഴാത്തതിനാൽ ഗതാഗതം പൂർണ്ണമായി നിയന്ത്രിക്കേണ്ട സാഹചര്യമില്ലെന്നും, എങ്കിലും പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Exit mobile version