Site icon Fourteen Kerala – 14 Kerala News

സ്വന്തം പ്രഖ്യാപനം മറന്നോ? ‘പുറത്ത് നിന്നവർ മഴ കാരണം അകത്ത് കയറി’; പുനലൂർ ആശുപത്രിയിലെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് മന്ത്രി

തിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കോൺഗ്രസ് അനുഭാവ സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ കൊടിപിടിച്ച് അഭിവാദ്യമർപ്പിച്ച സംഭവത്തിൽ ന്യായീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രി സന്ദർശനത്തിനിടെ താൻ എത്തിയപ്പോൾ സ്വീകരണം ഉണ്ടായിരുന്നില്ലെന്നും തിരിച്ചുപോകുമ്പോഴാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

പുറത്തുനിന്ന പ്രവർത്തകർ മഴ കാരണമാണ് ആശുപത്രിക്ക് അകത്തേക്ക് കയറിയതെന്നും മേലാൽ ഇങ്ങനെ ചെയ്യരുതെന്ന് സൂപ്രണ്ടിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ എത്തിക്കുന്നുണ്ടെന്നും മരുന്നില്ലെന്ന് ചിലർ വെറുതെ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ നെഗറ്റീവ് വാർത്തകൾക്കൊപ്പം പോസിറ്റീവ് വിവരങ്ങൾ കൂടി നൽകണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സ്‌കീം നടപ്പിലാക്കുമെന്നും, ഇതിന്റെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്വകാര്യ മേഖലയ്ക്കുള്ള പദ്ധതിയാണെന്ന തരത്തിലുള്ള മുൻവിധികൾ പാടില്ലെന്ന് പറഞ്ഞ മന്ത്രി, മുൻപ് കെ.എസ്.ആർ.ടി.സിയെ കുറിച്ച് നടത്തിയ പല പ്രവചനങ്ങളും ഇന്ന് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസമാണ് എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മന്ത്രിയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും വിവാദമായതും. ആശുപത്രികൾക്കുള്ളിൽ കൊടിപിടിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച കെ. മുരളീധരൻ, ഈ പ്രതിഷേധം എതിർക്കാതെ നേതാക്കൾ അണിയിച്ച ഷാൾ സ്വീകരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തതാണ് വിമർശനത്തിനിടയാക്കിയത്.

Exit mobile version