തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ആർ. രാജേഷിന് കേരളത്തിന്റെ കണ്ണീരിൽക്കുതിർന്ന അന്ത്യയാത്ര. ഔദ്യോഗിക ബഹുമതികളോടെയാണ് രാജേഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് രാജേഷിന് അന്തിമോപചാരമർപ്പിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു നാടിനെ ദുരിതത്തിൽ നിന്ന് രക്ഷിക്കാനുള്ള ആഗ്രഹത്തോടെയാണ് രാജേഷ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുതന്നെ മടങ്ങിവരുമെന്ന വാക്കുനൽകി പോയവൻ ജീവനറ്റ ശരീരമായി മരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് കുടുംബവും നാടും. തിരുവനന്തപുരം കല്ലിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് അരികിൽ നാട് ഒന്നാകെ വിതുമ്പി.
രണ്ട് കുഞ്ഞു മക്കളുടെ കണ്ണീരുകണ്ട് ഏവരുടെയും കരളലിഞ്ഞു. ചെറുപുഴയിലെ ശക്തമായ അടിയൊഴുക്കിനോട് പൊരുതിയാണ് ബെന്നി എന്നയാളെ രാജേഷ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. രക്ഷിക്കാനായി ഇട്ടുകൊടുത്ത കയർ മരത്തിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈ ചതഞ്ഞുപോയിരുന്നു.തുടർന്ന് രാജേഷ് സ്വയം പുഴ നീന്തിക്കടന്ന് ബെന്നിയുടെ അരികിലെത്തുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് ബെന്നി വീണുപോകാതിരിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റും രാജേഷ് ഊരിനൽകിയാണ് മാതൃകയായത്. ചൂരൽമല, പെട്ടിമുടി തുടങ്ങി കേരളം അതിജീവിച്ച വലിയ ദുരന്തങ്ങളിലെല്ലാം രക്ഷകനായി രാജേഷിന്റെ സാനിധ്യമുണ്ടായിരുന്നു.
അതേസമയം, കല്ലിയൂർ പെരിങ്ങമലയിലെ രാജേഷിന്റെ പണിതീരാത്ത വീട് സർക്കാർ പൂർത്തിയാക്കി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നാടിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ വെടിഞ്ഞ ആർ. രാജേഷിന്റെ ആത്മധൈര്യം കേരളം എന്നും ഓർക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
