തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായം കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ലക്ഷം രൂപയാണ് കേന്ദ്രം അനുവദിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാർഗനിർദേങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തത് കാരണമാണ് ഫണ്ട് വൈകിയതെന്നും എന്നാൽ തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും പുലികളിയെന്ന കലാരൂപത്തിനും ഒരു തടസവും വരാൻ പാടില്ലെന്ന ആഗ്രഹത്തോടെ കേന്ദ്രം ഇതൊരു പ്രത്യേക കേസായി പരിഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുമെന്ന സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണമായി അനുവദിച്ചതെന്നും സുരേഷ് ഗോപി കുറിപ്പിൽ ചൂണ്ടിക്കാട്ടി.
