Site icon Fourteen Kerala – 14 Kerala News

നദികളിൽ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതയിൽ കേരളം, തൃശൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഇന്ന് ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അമ്മയും മകനും ദാരുണമായി മരിച്ചു.

ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശിയും അടൂർമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മറ്റൊരു വീട്ടമ്മയും ജീവൻ വെടിഞ്ഞു. മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരനും കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരനും മരണമടഞ്ഞു.
വരും മണിക്കൂറുകളിലും സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ നിലവിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

വയനാട്ടിലും മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്ന പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version