Site icon Fourteen Kerala – 14 Kerala News

പ്രതിസന്ധിക്ക് വിരാമം; ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യപ്പേപ്പറുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് അച്ചടിക്കും

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ഇത്തവണ പൊതു വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അച്ചടിച്ച് സ്കൂളുകൾക്ക് വിതരണം ചെയ്യും. കഴിഞ്ഞ സർക്കാരിന്റെ അവസാന രണ്ട് വർഷങ്ങളിൽ ടേം പരീക്ഷാ ചോദ്യപ്പേപ്പറുകൾ സ്കൂളുകൾ തന്നെ തയ്യാറാക്കി അച്ചടിക്കണമെന്നായിരുന്നു വ്യവസ്ഥ.

ഇത് വിദ്യാലയങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനും പരീക്ഷയുടെ നിലവാരം തകരുന്നതിനും കാരണമായതായി വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പ് തന്നെ വീണ്ടും ചോദ്യപ്പേപ്പർ അച്ചടിച്ച് നൽകാൻ തീരുമാനിച്ചത്.അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ ടൈംടേബിൾ സംബന്ധിച്ചും ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ് 14 ഒഴികെയുള്ള മറ്റ് നാല് ദിവസങ്ങളിലും രണ്ട് പരീക്ഷകൾ വീതം നടത്താനാണ് തീരുമാനം. ചില ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷകൾ എഴുതേണ്ടി വരുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുമെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

എന്നാൽ ഈ ആശങ്കകൾക്ക് മറുപടിയുമായി ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി കെ. മാണിക്യരാജ് രംഗത്തെത്തി. ഹയർ സെക്കൻഡറിയിൽ ആകെയുള്ള 67 വിഷയങ്ങളെ 9 കോംബിനേഷനുകളായി തിരിച്ചാണ് 5 ദിവസം കൊണ്ട് പരീക്ഷ ക്രമീകരിച്ചിരിക്കുന്നതെന്നും, ഇതിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമേ വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകൾ വരൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version